Monday, October 24, 2011

കല്ലുമ്മക്കായ പൊരിച്ചത്.(കടുക്ക)

വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും  അറിയപ്പെടുന്ന
ഇത് ഫ്രൈ ചെയ്യുന്ന വിധം ആവട്ടെ ഇന്ന്... കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് കളഞ്ഞു ഒരു പാത്രത്തിലിട്ടു അടുപ്പില്‍ വെച്ച് വേവിക്കുക.വെള്ളം ഒഴിക്കരുത്. വേവുന്നതിനനുസരിച്ചു അതില്‍ വെള്ളം ഉണ്ടാവും. കല്ലുമ്മക്കായ നന്നായി വെന്തു വരുമ്പോള്‍ തന്നെ അത് തുറന്നു വരുന്നതാണ്.അതു  അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം തോടില്‍ നിന്ന് വേര്‍പെടുത്തുക,പിന്നീട് അതിനുള്ളില്‍ ചിലതില്‍ നാര് പോലെ കാണാം  അത് മുറിച്ചു നീക്കുക.പിന്നീട് അതിന്റെ പുറത്തായി കറുപ്പ് നിറത്തില്‍ കാണുന്ന ഭാഗവും പതുക്കെ മുറിച്ചു നീക്കുക.അതിനു ശേഷം നന്നായി ഒന്ന് കൂടി കഴുകി എടുക്കുക. ഇനി ഇത് ഫ്രൈ ചെയ്യുന്നതിന്
ആവശ്യമുള്ള സാധനങ്ങള്‍.:-
കല്ലുമ്മക്കായ          - രണ്ടു കിലോ.
മഞ്ഞള്‍പ്പൊടി        - കാല്‍ ടീസ്പൂണ്‍.
മുളക് പൊടി            - മൂന്നു ടേബിള്‍ സ്പൂണ്‍.
ഉപ്പ്                          - ആവശ്യത്തിന്.
വെളുത്തുള്ളി            - തോലോടു കൂടി ചതച്ചത്  പത്തെണ്ണം
കറിവേപ്പില            - കുറച്ചു ( ഇലമാത്രം ഇടുക.)
കുരുമുളക് പൊടി     - അര ടീസ്പൂണ്‍
എണ്ണ                       - ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.


കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്‍ക്കുക




മുളക് പൊടി ,മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ  അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്‍ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം ..


 എല്ലാം ഫ്രൈ ചെയ്ത് കഴിഞ്ഞുള്ള ഫോട്ടോ എടുക്കാനായി വന്നപ്പോള്‍ കല്ലുമ്മക്കായ അപ്രത്യക്ഷം.
എല്ലാം കൂടി നമ്മുടെ ബിന്‍സി അടിച്ചു മാറ്റി.... ഇനി ഫോട്ടോ എടുക്കാന്‍ നമ്മുടെ ബിന്‍സിയുടെ വയറ്റില്‍ ഇറങ്ങി തപ്പാന്‍ പറ്റില്ലല്ലോ ...

17 comments:

ശിഖണ്ഡി said...

സാമ്പാറും, ഇടലിയും, വടയും, പച്ചരിചോറും കഴിച്ചു ജീവിക്കുന്ന ഞങ്ങളെ, ഇതെല്ലാം കാണിച്ചു നാട്ടിലേക്കുള്ള വണ്ടി കയറ്റല്ലേ....

ജിത്തു said...

ഞാന്‍ കരുതീ അവസാന ഭാഗം വായിച്ചപ്പോള്‍ പൊരിച്ച കല്ലൂമ്മക്കാ മൊത്തം പൂച്ച കൊണ്ടു പോയ് എന്ന് , അത് നമ്മുടെ ബിന്‍സി പൂച്ചയാ അല്ലെ അടിച്ചു മാറ്റിയെ, ബിന്‍സി എങ്ങനെ ഉണ്ടാരുന്നു കല്ലുമ്മക്കാ പൊരിച്ചത് :)

yemceepee said...

ഈ കമന്റ്‌ കണ്ടപ്പോള്‍ തന്നെ ഇതൊരു ബാംഗ്ലൂര്‍ വാസി ആണെന്ന് മനസിലായി.പ്രൊഫൈല്‍ നോക്കിയപ്പോള്‍ സംഗതി ക്ലിയര്‍. ഇങ്ങിനോക്കെ വായിച്ചെങ്കിലും ഇടയ്ക്കു നാട്ടിലേക്കു വണ്ടി കയറാന്‍ തോന്നിപ്പിക്കുന്നത് തന്നെ ഒരു നല്ല കാര്യമല്ലേ?

Yasmin NK said...

കല്ലുമ്മക്കായ ഇവിടൊക്കെ പൊളിച്ചത് കിട്ടും. അപ്പൊ നമുക്ക് എളുപ്പാണു ഉണ്ടാക്കാന്‍.

ആശംസകള്‍ കേട്ടോ...

ഇസ്മയില്‍ അത്തോളി said...

വഴി തെറ്റി വന്നു കയറിയതാണ് ഈ ബ്ലോഗ്ഗില്‍.....രുചി മഴ വല്ലാതെ വായില്‍ വെള്ളം നിറച്ചു.....എന്‍റെ നല്ല പാതിയുടെ ഇഷ്ട വിഭവങ്ങളിലോന്നാണ് കല്ലുമ്മ ക്കായ നിറച്ചത്....അവളുടെ ദേശീയ പലഹാരം എന്ന് കളി പറയാറുണ്ട്‌ ഞാന്‍.....ചിത്രങ്ങളും നന്നായി....ആശംസകള്‍....ഇടയ്ക്കു എന്‍റെ മുറ്റത്തെക്കും വരും എന്ന് കരുതുന്നു

The Editors Catalogue said...

ചേച്ചി..ഇവരെല്ലാം കൂടി കൊതിച്ചു ദാഹനക്കെടുണ്ടാക്കല്ലേ

chithrakaran:ചിത്രകാരന്‍ said...

കൊതിപ്പിക്കുന്ന കല്ലുമ്മക്കായ പൊരിച്ചത് !!
നല്ല പോസ്റ്റ് !

daffodils said...

കലക്കി....

ente lokam said...

ha..ha... ബിന്‍സി ഉണ്ടാക്കി ബിന്‍സി തിന്നു എന്നാ

ഓര്‍ത്തത്‌...ബ്ലോഗില്‍ വന്നപ്പോള്‍ വിവരം

അറിഞ്ഞത്..ഇത് കുറെ കട്ടി ആയിപ്പോയി...

ഫോട്ടോ എടുക്കാന്‍ ബിന്സിയെ സ്കാന്‍ ചെയ്യണം

എന്ന് കണ്ടപ്പോള്‍ ചിരിച്ചു പോയി...ഞാന്‍ ഇത്

കഴിച്ചിട്ടേ ഇല്ല....എന്നാലും കണ്ടിട്ട് കൊതി തോന്നുന്നു..!

mini//മിനി said...

ഒരു കാലത്ത്(അന്ന് വീട്ടിന്റെ പിന്നിൽ നിന്ന് നോക്കിയാൽ കടൽ കാണാം) കടലിലിറങ്ങി കല്ലുമ്മക്കായ പറിച്ചെടുത്ത് പുഴുങ്ങിയിട്ട് ഫ്രൈ ചെയ്ത് തിന്നതോർത്ത് കൊതിയായി,,, പിന്നെ അതുപോലെ എന്തെല്ലാം,,,

ഞാന്‍ പുണ്യവാളന്‍ said...

ഇഷ്ടായി ഞാന്‍ ഈ വഴി ഇനിയും വരും

Anonymous said...

ഈ കല്ലുമെക്കായ ഞങ്ങലുടെ കോട്ടയം ഭാഷയില്‍
കക്കാ ഇറച്ചി തന്നെ അല്ലെ? ഒന്ന് ശ്രമിച്ചുനോക്കാം

ഇ.എ.സജിം തട്ടത്തുമല said...

മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഓരോന്ന്‌......

മാനവധ്വനി said...

കല്ലുമ്മക്കായും,കോഴിക്കാലും! ..സോറി നിങ്ങൾ ഇത്തരക്കാരാണെന്ന് കരുതിയില്ല..
ഞാൻ വെജിറ്റേറിയനാണ്…ഈ ബ്ലോഗിൽ നിന്നും ഞാൻ എന്റെ ജീവനും കൊണ്ട് പോവുകയാണ്..

പ്രവീണ്‍ ശേഖര്‍ said...

ജീവിതത്തില്‍ ആകെ ഒരു തവണ മാത്രമേ ഞാന്‍ ഈ കല്ലുമ്മക്കായ കഴിച്ചിട്ടുള്ളൂ..അന്ന് അത് വല്ലാത്ത ഒരു കയപ്പ് തോന്നിച്ച ശേഷം ഇന്നേ വരെ ഞാന്‍ ഇത് കഴിച്ചിട്ടില്ല. പക്ഷെ ഈ ചിത്രം കണ്ടപ്പോള്‍ വീണ്ടും കഴിക്കാന്‍ മോഹം. പക്ഷെ ഇവിടെ എവിടെയും ഇത് വരെ കണ്ടിട്ടും ഇല്ല. ആ ..ഇനി എന്നെങ്കിലും കിട്ടുമായിരിക്കും..

kochumol(കുങ്കുമം) said...

ഭാഗ്യം കഴിക്കാന്‍ പോകുന്ന സമയം ആയിരുന്നു അതുകൊണ്ട് ഇതും കൂടെ ചൂടോടുകൂടി തന്നെ കഴിച്ചു ....:)
ബിന്‍സിക്ക് കുഴപ്പം ഒന്നും ഉണ്ടായില്ലാല്ലോ ല്ലേ ......:)))

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu....... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane..........