Monday, October 24, 2011

കല്ലുമ്മക്കായ പൊരിച്ചത്.(കടുക്ക)

വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും  അറിയപ്പെടുന്ന
ഇത് ഫ്രൈ ചെയ്യുന്ന വിധം ആവട്ടെ ഇന്ന്... കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് കളഞ്ഞു ഒരു പാത്രത്തിലിട്ടു അടുപ്പില്‍ വെച്ച് വേവിക്കുക.വെള്ളം ഒഴിക്കരുത്. വേവുന്നതിനനുസരിച്ചു അതില്‍ വെള്ളം ഉണ്ടാവും. കല്ലുമ്മക്കായ നന്നായി വെന്തു വരുമ്പോള്‍ തന്നെ അത് തുറന്നു വരുന്നതാണ്.അതു  അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം തോടില്‍ നിന്ന് വേര്‍പെടുത്തുക,പിന്നീട് അതിനുള്ളില്‍ ചിലതില്‍ നാര് പോലെ കാണാം  അത് മുറിച്ചു നീക്കുക.പിന്നീട് അതിന്റെ പുറത്തായി കറുപ്പ് നിറത്തില്‍ കാണുന്ന ഭാഗവും പതുക്കെ മുറിച്ചു നീക്കുക.അതിനു ശേഷം നന്നായി ഒന്ന് കൂടി കഴുകി എടുക്കുക. ഇനി ഇത് ഫ്രൈ ചെയ്യുന്നതിന്
ആവശ്യമുള്ള സാധനങ്ങള്‍.:-
കല്ലുമ്മക്കായ          - രണ്ടു കിലോ.
മഞ്ഞള്‍പ്പൊടി        - കാല്‍ ടീസ്പൂണ്‍.
മുളക് പൊടി            - മൂന്നു ടേബിള്‍ സ്പൂണ്‍.
ഉപ്പ്                          - ആവശ്യത്തിന്.
വെളുത്തുള്ളി            - തോലോടു കൂടി ചതച്ചത്  പത്തെണ്ണം
കറിവേപ്പില            - കുറച്ചു ( ഇലമാത്രം ഇടുക.)
കുരുമുളക് പൊടി     - അര ടീസ്പൂണ്‍
എണ്ണ                       - ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.


കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്‍ക്കുക




മുളക് പൊടി ,മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ  അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്‍ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം ..


 എല്ലാം ഫ്രൈ ചെയ്ത് കഴിഞ്ഞുള്ള ഫോട്ടോ എടുക്കാനായി വന്നപ്പോള്‍ കല്ലുമ്മക്കായ അപ്രത്യക്ഷം.
എല്ലാം കൂടി നമ്മുടെ ബിന്‍സി അടിച്ചു മാറ്റി.... ഇനി ഫോട്ടോ എടുക്കാന്‍ നമ്മുടെ ബിന്‍സിയുടെ വയറ്റില്‍ ഇറങ്ങി തപ്പാന്‍ പറ്റില്ലല്ലോ ...

Saturday, October 15, 2011

ചിക്കന്‍ ബിരിയാണി...

ആവശ്യമുള്ള സാധനങ്ങള്‍ :
ചിക്കന്‍                          :1 കിലോ.
(വലിയ കഷണങ്ങള്‍ ആക്കിയത് )
ബിരിയാണി അരി          : 1 കിലോ,
(ജീര റൈസ് ആയിരിക്കും നല്ലത് )
വലിയ ഉള്ളി നീളത്തില്‍ മുറിച്ചത്  : 500 ഗ്രാം
നെയ്യ്                                     : 100ഗ്രാം
റിഫൈന്‍ട് ഓയില്‍               :  250 ഗ്രാം
പച്ച മുളക്                              : 100ഗ്രാം
ഇഞ്ചി                                      :  50 ഗ്രാം
വെളുത്തുള്ളി( ചെറിയ അല്ലിയുള്ളത് )    :  50 ഗ്രാം
കസ്കസ്                               :   1ടേബിള്‍ സ്പൂണ്‍
തൈര്                                     : 1 കപ്പ്‌
അണ്ടിപ്പരിപ്പ്                          : 100 ഗ്രാം
കിസ്മിസ്‌                               :50ഗ്രാം
മല്ലിയില                                  : 100 ഗ്രാം
പുതിനയില                             : 100ഗ്രാം
കുങ്കുമപ്പൂവ്                               : ഒരു നുള്ള്
ഗരം മാസലപൊടി                 : ഒരു ടീ സ്പൂണ്‍        
തക്കാളി നാലായി മുറിച്ചത്      : രണ്ടെണ്ണം
ഉപ്പ് ആവശ്യത്തിന്.
പട്ട ഒരിഞ്ചു നീളത്തില്‍            : രണ്ടെണ്ണം
ഗ്രാമ്പു                                        : 5 എണ്ണം
ബിരിയാണി മസാല                 : 2 ടേബിള്‍ സ്പൂണ്‍
രണ്ടു വലിയ ഉള്ളി നേരിയതായി അരിഞ്ഞു വെക്കണം.( മുകളില്‍ അലങ്കരിക്കാന്‍)
(തിളച്ചവെള്ളം  അരിയുടെ അളവിന്റെ ഇരട്ടി അളവില്‍)
പാകം ചെയ്യുന്ന വിധം :
 കോഴി കഷണങ്ങള്‍ മഞ്ഞള്‍, ഉപ്പ് , തൈര്‌ എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കണം.
വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,ഇവ ചതച്ചെടുക്കുക.കസ്കസ് മയത്തില്‍ അരച്ചെടുക്കുക.
മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.അടുപ്പിലേക്ക് ചുവടു കട്ടിയുള്ള
പാത്രം വെക്കുക,പാത്രത്തില്‍ പകുതി എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോള്‍ മുറിച്ചു വെച്ച ഉള്ളി ഇട്ടു ഇളക്കുക.ഉള്ളി അല്പം നിറം മാറുമ്പോള്‍ ചതച്ചു വെച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി തുടരെ ഇളക്കുക.മസാലയുടെ പച്ചമണം മാറിയാല്‍ കോഴികഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഇതില്‍ തൈര്‍,കസ്കസ്,തക്കാളി,ഉപ്പ് എന്നിവ ഇട്ടു നന്നായി ഇളക്കി അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രംഅടച്ചു വെച്ച്  ചെറു തീയില്‍ വേവിക്കണം.കോഴി വെന്തു വെള്ളം വറ്റിയാല്‍ ഇറക്കി വെക്കുക.
അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കണം.ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ബാക്കിയുള്ള
എണ്ണയും നെയ്യ് പാതി ഒഴിച്ച്‌ നേരിയതായി അരിഞ്ഞു വെച്ച ഉള്ളി പൊന്‍ നിറം ആകുന്നത്‌ വരെ
മൂപ്പിക്കുക.അത് കോരി വെച്ച ശേഷം അതേ എണ്ണയിലേക്ക് അണ്ടിപ്പരിപ്പ്ഇട്ടു ചുവന്നു  വരുമ്പോള്‍
കിസ്മിസ്‌ ചേര്‍ത്ത് പെട്ടന്ന് തന്നെ എണ്ണയില്‍ നിന്ന് മാറ്റി വെച്ച ശേഷം അതേ എണ്ണയിലേക്ക്
പട്ട ഗ്രാമ്പു ഇട്ടു പൊട്ടുമ്പോള്‍ ഇതിലേക്ക് അരിയും ഇട്ടു നന്നായി ഒന്ന് വറുത്തെടുക്കണം.അതിലേക്കു
തിളച വെള്ളം ഒഴിച്ച്‌ ഉപ്പും ചേര്‍ത്ത് ഇളക്കി പാത്രം മൂടി വെക്കണം.അരി വെന്തു വെള്ളം വറ്റി വരുമ്പോള്‍ ഇറക്കി വെക്കുക.കോഴി വേവിച്ച പാത്രത്തില്‍ നിന്ന് പാതി മാറ്റി വെച്ചതിനു ശേഷം
പകുതി ചോറ് അതിനു മുകളില്‍ ഇടുകഅതിനുമുകളില്‍ ഗരം മസാല പൊടിയും , ബിരിയാണി മസാല പൊടിയും പാതി വിതറുക.ചോറിനു മീതെ ഇളം ചൂട് പാലില്‍ കലക്കിയ കുങ്കുമപ്പൂ തളിക്കുക.അരിഞ്ഞു വെച്ച മല്ലിയില ,പുതിനയില കുറച്ചു വിതറുക.വീണ്ടും ബാക്കിയുള്ള ചിക്കനും നിരത്തി അതിനു മുകളില്‍ ചോറും ഇട്ട ശേഷം മസാലകളും മല്ലിയിലയും ,പുതിനയിലയും ,നിരത്തുക.അതിനു മുകളില്‍ വറുത്തു വെച്ച ഉള്ളി അണ്ടി പരിപ്പ് ,കിസ്മിസ്‌ എന്നിവയും ഇട്ടു കുങ്കുമ പൂവ് കലക്കിയതും തളിച്ച്
ബാക്കിയുള്ള നെയ്യും മുകളില്‍ ഒഴിക്കുക .പിന്നീട് ഈ പാത്രം  നന്നായി മൂടി സൈഡ് ഗോതമ്പ് മാവു കുഴച്ചു സീല്‍ ചെയ്യണം.പിന്നീട് പാത്രത്തിന് മുകളില്‍ തീ കനല്‍ കുറച്ചു കോരി ഇട്ടു കുറച്ചു സമയം വെക്കുക്. പാത്രത്തിനടിയില്‍  ഈ സമയം തീ ഉണ്ടായിരിക്കാന്‍ പാടില്ല. ഇങ്ങിനെ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് കുറച്ചു സമയം അവനില്‍ വെക്കാവുന്നതാണ്... ഇതാ ബിരിയാണി റെഡി. ഇത് തൈര്‍സലാഡ്‌ . പുതിന ചട്നി എന്നിവ ചേര്‍ത്ത് കഴിക്കാം.

പുതിന ചട്നി:-
വേണ്ട സാധനങ്ങള്‍ :-
 ഒരു കപ്പ് അരിഞ്ഞ പുതിനയില , പച്ച മുളക്പത്തെണ്ണം,അഞ്ചു അല്ലി വെളുത്തുള്ളി,ഒരു മുറി തേങ്ങ ചിരവിയത്,ഒരു ചെറു നാരങ്ങയുടെ നീര്,ഉപ്പ് പാകത്തിന്,മല്ലിയില കുറച്ചു അറിഞ്ഞത്,,, ഇവയെല്ലാം കൂടി മിക്സിയില്‍ നന്നായി അരക്കുക. പുതിന ചട്നി റെഡി.

തൈര്‍  സലാഡ്‌ :-
വേണ്ടുന്ന സാധനങ്ങള്‍ :-
 ഒരു കപ്പ് തൈര്‍ ,വലിയ ഉള്ളിരണ്ടെണ്ണം ,തക്കാളി രണ്ടെണ്ണം,പച്ചമുളക് മൂന്നെണ്ണം,ഇവ മൂന്നും ചെറുതായി അരിഞ്ഞു തൈരില്‍ ചേര്‍ത്ത് ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് നന്നയി ഇളക്കുക.
കുറച്ചു മല്ലിയില മുറിച്ചു ഇതിനു മുകളില്‍ വിതറി അലങ്കരിക്കാം ...
ഇനി എന്തിനാ നോക്കി ഇരിക്കുന്നത്. കഴിക്കാനും റെഡി അല്ലേ?എന്നാല്‍ തുടങ്ങിക്കോളൂ ,,,,.

ചിത്രങ്ങള്‍ക്ക് കടപ്പാട് എന്റെ ഊണ് മേശ 







Monday, September 26, 2011

കോഴിക്കാല്‍

ഇതിന്റെ പേര് കേട്ട് പാചകം തുടങ്ങുന്നതിനു മുന്‍പ്‌ ആരും കോഴിയെ വാങ്ങാന്‍ ഒന്നും
പോകേണ്ട.ഇത് കപ്പ കൊണ്ടുള്ള ഒരു വിഭവം ആണ് ...എന്റെ അറിവില്‍ ഇത് തലശ്ശേരി
അല്ലാതെ മറ്റെവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല. എങ്ങിനെ ഈ പേര് വന്നു എന്നും ചോദിച്ചേക്കല്ലേ?

ആവശ്യമായ സാധനങ്ങള്‍ :-
  • കപ്പ   - അരകിലോ (നാലിഞ്ച് നീളത്തില്‍ നേരിയതായി അരിഞ്ഞത്)
  • കടലപ്പൊടി - അഞ്ചു ടേബിള്‍ സ്പൂണ്‍.
  • വെളുത്തുള്ളി അല്ലി - ആറെണ്ണം ചതച്ചത്.
  • പച്ചമുളക് -നാലെണ്ണം ചെറുതായി  അരിഞ്ഞത്.
  • മുളക് പൊടി -ഒരു ടീ സ്പൂണ്‍ 
  • മഞ്ഞള്‍ പൊടി - കല്‍ ടീ സ്പൂണ്‍.
  • എണ്ണ-ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.
  • കറിവേപ്പില -ആവശ്യത്തിന്.
  • കായപ്പൊടി - ഒരു നുള്ള് 
  • ഉപ്പ് - ആവശ്യത്തിന്.
  • വെള്ളം.-  ആവശ്യത്തിന് 
ഉണ്ടാക്കുന്ന വിധം :-
മേല്പറഞ്ഞ ചേരുവകള്‍ എല്ലാം നന്നായി മിക്സ്‌ ചെയ്തു കുറച്ചു വെള്ളം ചേര്‍ത്ത് 
നന്നായി യോജിപ്പിച്ചു അരിഞ്ഞു വെച്ച കപ്പ അതിലെക്കിടുക.കപ്പ മാവില്‍ നന്നായി പുതയുന്നത് വരെ കുഴക്കുക. കപ്പ കഷണങ്ങള്‍ പൊട്ടി പോകാതെ നോക്കണം .. പിന്നീട് ഫ്രൈ ചെയ്യാനുള്ള പാത്രം അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ നീളത്തിലുള്ള ഓരോ പിടിയായി എടുത്തു 
എണ്ണയില്‍ ഫ്രൈ ചെയ്തു എടുക്കുക  .. കുറച്ചു ചൂടാറിയത്തിനു ശേഷം കഴിക്കാവുന്നതാണ്.
വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു പലഹാരമാണിത്. കപ്പ മുറിച്ചിടാനുള്ള ഒരു താമസമേയുള്ളൂ .. ഒന്ന് ട്രൈ ചെയ്തു നോക്കൂ ..
കഴിച്ചു കഴിഞ്ഞാല്‍ ഒരു മറുവാക്ക് പറയാന്‍ മടിക്കല്ലേ ....